പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. മന്ത്രി എ.പി.അനിൽകുമാർ ജലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി.നൗഷാദലി എംഎൽഎ അധ്യക്ഷത വഹിക്കും. എംപിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി, പി.പി. സുനീർ, വി.എസ്. ജോയ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. സിനിമാ താരം ഷെയ്ൻ നിഗം വിശിഷ്ടാതിഥിയാകും.
കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്, തിരൂർ സബ്കളക്\ടർ ദിലീപ് കൈനിക്കര, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
21ന് പൊന്നാനി സിവി ജംഗ്ഷനിൽനിന്ന് തൃശൂർ വടക്കുംനാഥൻ സംഘത്തിന്റെ പുലികളിയോടെ തുടങ്ങിയ വാരാഘോഷം ബിയ്യം കായൽ ജലോത്സവത്തോടെയാണ് സമാപിക്കുക.
ഓണാഘോഷ വിളംബര സൈക്ലിംഗ് ഷോ, ക്രോസ് കണ്ട്രി മത്സരം, വിവിധ ഓണമത്സരങ്ങൾ, കളരിപ്പയറ്റ് പ്രദർശനം, ഗസൽ സന്ധ്യ, പ്രദർശന നീന്തൽ തുടങ്ങിയ വിവിധ പരിപാടികൾ ഓണം-ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.